ഒരു സായാഹ്ന ചിത്രം

ഓഫിസിലെ വിരസത ഇന്നേക്കു കഴിഞ്ഞന്ന്‌ സമാധാനിച്ചു ഞാൻ പുറത്തോട്ട് ഇറങ്ങി നടന്നു.അങ്ങ് ചെന്നൈയിൽ  അടിച്ച ചുഴലിയുടെ  അലയൊലികൾ  ഇങ്ങു ബാംഗ്ലൂർ നഗരത്തിലെ  ശൈത്യകാലാത്തെ കൂടൂതൽ വിറകൊള്ളിച്ചു.ഞാൻ ബാഗിൽ നിന്നും സ്വെയ്റ്റർ എടുത്തണിഞ്ഞു .ഡൽഹി വച്ചു നോക്കുമ്പോ ഇതൊക്കെ നിസാരം .പക്ഷേങ്കിൽ ആസ്മ വന്നാൽ വലിക്കാൻ  ഞാൻ ഒറ്റക്കെ കാണൂ ഇട്ടേക്കാം.ദിവസങ്ങളുടെ വിയർപ്പു നാറുന്ന ഈ സ്വെയ്റ്ററിനു  പകരം നെഞ്ചോട് ചേർത്ത് പിടിക്കാൻ അവളുണ്ടായിരുനെങ്കിൽ .അവളുടെ ചുടുനിശ്വാസമേറ്റു  എൻ ഹൃദയ ധമനികൾ കോൾമയിർ കൊണ്ടിരുന്നെങ്കിൽ .ഇല്ല , വരില്ല .പല വട്ടം ഞാൻ നിർബന്ധിച്ചു.മനസിനെ കെട്ടിവരിയുന്ന ഭൂതകാലമാകുന്ന വിഷപാമ്പിൽ നിന്നും കുതറിമാറി വരുവാൻ .കൊത്തി പറിക്കാൻ കാത്തിരിക്കുന്ന ഭാവിയാകുന്ന കഴുകന്റെ  മുന്നിലേക്കോ എന്ന് മറു ചോദ്യം .കഴുകന്റെ മുനയുള്ള കോക്കിൽ നിന്നും അമ്മ കുരുവിയുടെ സംരക്ഷണം വാഗ്ദാനം ചെയ്തിട്ടും നിരസിച്ചു .വർത്തമാനകാലത്തിന്റെ വസന്തം നെറുകയിൽ ചാർത്താൻ അവൾ ഇന്നു മടിക്കുന്നു .

ശിവാജിനഗർ ബസിൽ കേറി ഞാൻ വിൻഡോ സീറ്റിൽ സ്ഥാനമുറപ്പിച്ചു .അവളുടെ മുടിയിഴകൾ ഇന്നിന്റെ  സ്വപ്നങ്ങളും എന്റെ രോമാവൃതമായ മുഖത്തു വന്ന് പതിച്ചു .അവളുടെ മുടിയിഴകളിൽ കയറി ഞാൻ ഞാൻ ഒഴുകി .ഹൈസ്കൂൾ വരാന്തയിൽ മഴത്തുള്ളികളിൽ താളം പിടിക്കുന്ന അവളുടെ കുപ്പിവളകളിൽ തട്ടി ഞാൻ നിലത്തു വീണു .വീഴ്ച്ച  വകവെക്കാതെ കാർകൂന്തൽ രശ്മികൾ പറന്നകന്നു.പൊട്ടിച്ചിരിക്കാൻ അറിയാത്ത അവളുടെ ചുണ്ടുകൾ എന്നെ നോക്കി മന്ദഹസിച്ചു .

ചളിയിൽ നിന്നു എഴുന്നേറ്റ ഞാൻ വരാന്തയിലേക്ക് ഓടി കയറി .

നീ എന്തിനു ഇവിടെ വന്നു ?

അതെന്തു ചോദ്യാണ് ഹേ

ഹും

എനക്ക് അന്നെ ഇപ്പോ അങ്ങനെ കാണാൻ പറ്റൂല

എങ്ങനെ കാണാൻ പറ്റൂലാന്ന്?

ഇജ്തികം വാചകം അടിക്കാൻ നിക്കണ്ട

അവളുടെ കണ്ണിൽ നീർപ്പളുങ്കുകൾ വന്നു മൂടിയിരിക്കണം അവൾ കണ്ണു തുടച്ചു.

അള്ളോ പൊന്നാരെ കരയല്ലേ അന്റെ  അച്ഛൻ അറിഞ്ഞാൽ  മ്മടെ ഏർപ്പാട് തീരും.

കട്ട മീശയും ആരോഗ്യദൃ ഡഗാത്രനുമായ ഒരു പോലീസുകാരനായിരുന്നു അവളുടെ അച്ഛൻ.ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട്.അന്നൊരിക്കൽ ട്യൂഷൻ ക്ലാസ്സിൽ ഞാനും ഹൻസിയും ചേർന്ന് അവളെ കളിയാക്കികൊണ്ടിരിക്കുമ്പോളാണ് മൂപ്പരാള് ആദ്യമായി രംഗപ്രവേശനം ചെയ്യുന്നത്.

Advertisements

ആർക്കാനും വേണ്ടി ഓക്കാനിച്ചത്

ഞാൻ ഇന്നു ഏകനാണ്

ഞാൻ എന്നും ഏകനായിരിക്കൻ ആഗ്രഹികുന്നില്ല

പക്ഷേ ആൾ കൂട്ടത്തിൽ ഒറ്റപെടരുത്

ഒറ്റക്കിരിക്കുമ്പോൾ പുറകെവന്നു ശല്യമാകരുത്

എനിക്കെന്റെതായ ലോകമുണ്ട്

എന്റെയും അവളുടേതും ആയ ലോകം

അവളുടെ മുഖവും ഇളം കാറ്റും മാത്രമുള്ള സ്വപ്‌നലോകം

അവൾക്കായി തുടിക്കുന്ന എന്റെ ഹൃത്തും

എനിക്കായി നിനക്കുന്ന നനുത്ത ചുണ്ടുകളും

ചവിട്ട് പടിയിലെ സൗഹൃദം

പുറത്തു ചാറ്റല്‍ മഴ പെയ്തു കൊണ്ടിരുന്നു.കുറെ നേരമായ് വായിക്കുന്നു.പുസ്തകം ഇരിപിടത്തില്‍ വച്ച് ഞാന്‍ എഴുന്നേറ്റു.നിലത്തു കാല്‍ വെക്കാന്‍ സ്ഥലമില്ല.പുതപ്പ് നിലത്തു വിരിച്ചു കിടന്നുറങ്ങുന്നവര്‍.ആരെയും  ചവിട്ടാതെ ഞാന്‍ മുന്നോട്ട് നടന്നു.ഒരുവന്‍ നുറുക്ക് പിടിച്ച കൈ കൊണ്ട് മൂക്ക് തുടച്ചു, തണുപ്പ് മാറ്റാന്‍ അമ്മയുടെ സാരി എടുത്തു മുഖം മൂടി.സീറ്റിനടിയില്‍ കിടന്ന കിളവന്‍ ചുണ്ടിനടിയില്‍ നിന്ന് വീര്യം പോയ പാന്‍ എടുത്തു നിലത്തിട്ടു. വീണ്ടും പോക്കറ്റില്‍ നിന്ന് പൊതിയെടുത്ത്‌ പാന്‍മസാല കൈയിലിട്ട് തിരുമി ചുണ്ടിനടിയില്‍ ഒളിപ്പിച്ചു.

ഇതിനിടയില്‍ മുകളില്‍ നിന്ന് ഒരു പൊതി തന്‍റെ ഭാര്യക്ക്‌ സമ്മാനിച്ച്‌ ഭോപാല്‍ ഭായ് കിടന്നു.മൂപ്പത്യാര് അത് പുറത്തേക്കെറിഞ്ഞു.ചില്ലുകുപ്പി പൊട്ടിയ ശബ്ദം കേട്ട് എല്ലാവരും തലപൊക്കി നോക്കി.അവള്‍ മുകളിലേക്ക് നോക്കി കണ്ണിറുക്കി.അവന്‍ ചുകന്നു തുടുത്ത കണ്ണുകളില്‍ കള്ളച്ചിരി ഒതുക്കി കിടന്നു.

ഞാന്‍ വാതിലിനരികെ എത്തി.

“ക്യാ മേം ഇധര്‍ ബൈടൂന്ഗ?

“ഹാം ബൈട്ടോ”

മെലിഞ്ഞ ശരീരം .വയസായി ഒട്ടിയ കവിളുകള്‍.പാന്‍ വെച്ച് വീര്‍ത്ത ചുണ്ടുകള്‍.നരച്ച താടി.കീറിയ ബനിയന്‍.പഴയ പള പള പാന്‍റ്.കഴുത്തില്‍ അഴുക്കായ ഒരു തോര്‍ത്ത്‌ മുണ്ട്.മൂപ്രാള് ഒതുങ്ങിയ ഗ്യാപ്പില്‍ ഞാന്‍ ഇരിന്നു.ചാറ്റല്‍ മഴ പതിയെ നിന്നു.തണുത്ത കാറ്റ് അടിച്ചു താടിയെല്ലുകള്‍ നൃത്തം വെച്ചു.

“എന്താ പേര്?”

“രാംദേവ്.താങ്കള്‍ മദ്രാസി ആണോ?

“അതെ.കേരളാവാല.”

“താങ്കള്‍?”

“ഝാൻസിക്കടുത്ത് ഒരു ഗ്രാമത്തില്‍ ആണ്.ഞാന്‍ കേരളത്തില്‍ പണിക്ക് വന്നിട്ടുണ്ട്”

“എവിടെ?”

“ആലുവ.കേരളത്തിലെ ആള്‍ക്കാര്‍ വളെരെ നല്ലവരാണ്.”

പോട്ടിചിരിക്കാനാണ് തോന്നിയത്.ഒരു ചെറുപുഞ്ചിരി മടക്കി.”എന്ത് പണിക്ക്യാ വന്നത്?””തേപ്പ് പണി.മൂന്നു വര്‍ഷം അവിടെ ഉണ്ടായിരുന്നു.”അടിപൊളി.അപ്പൊ മൂന്നു വര്‍ഷം മ്മടെ ടീമോള് ഇങ്ങളെ കട്ടക്ക് പണിയെടുപ്പിച്ച് കാണും.”ഇവിടെത്തേക്കാള്‍ ഭേദമാണ് . പണിയെടുത്താലും പൈസ കിട്ടൂലോ.കേരളത്തില്‍ കൂലി ഇവിടെത്തേക്കാള്‍ മൂന്നിരട്ടിയാണ്.പിന്നെ ഞങ്ങളെ അടിമകളായി കണക്കാക്കില്ല.ഇവടെ മോതലാളിമാര്‍ക്ക് ഞങ്ങള്‍ അടിമകളാണ്.എത്ര പണിതാലും പൈസ തരില്ല.””അതേ ഞങ്ങടെ നാട്ടില്‍ നല്ല തൊഴിലാളി യൂണിയനുകള്‍ ഉണ്ടായതുകൊണ്ടാണ്””താങ്കള്‍ എവിടെക്കാണ്‌?””ഋഷികേശ്””എന്തൂട്ടാ പരിപാടി?””ഗൂമ്നേ കേലിയേ..ഡല്‍ഹിയില്‍ നിന്ന് ഋഷികേശിലേക്ക് എങ്ങനാ എളുപ്പം?””ഒരുപിടിയും ഇല്ല”അദ്ധേഹത്തിന്റെ മുഖത്ത് വിഷമം നിഴലിച്ചു.ജീവിത പ്രാരാബ്ദങ്ങള്‍കിടയില്‍ യാത്രക്ക് സമയം കിട്ടി കാണില്ല.ഓ പിന്നേ വിഷമം .അന്നെപോലെ ഒരു പണിയും ഇല്ലാതെ കറങ്ങി നടക്കാന്‍ മൂപ്രാള്‍ക്ക് സമയില്ല ഗഡ്യേ.(മിക്കവാറും തുടരും …)     #wponthego

മായന്നൂര്‍ പാലം

ഒരു ചായ കുടിക്കാം.ഞാന്‍ കടയില്‍ കേറി ഒരു സ്ട്രോങ്ങ്‌ ചായ പറഞ്ഞു. ഒരു പരിപ്പുവട എടുത്ത് കടയിലിരിക്കുന്ന തല മൂത്ത കാരണവരുടെ അടുത്ത് സ്ഥലം പിടിച്ചു.
“ചേട്ടാ…ഇ മായന്നൂര്‍ പാലം എവിടാണ്?”
“ദാ… ഇ വളവു റൈറ്റിലോട്ട് തിരിഞ്ഞാ മതി.”
സംഭവം മൂപ്രാള് ആഗ്യംകാണിച്ചത് ഇടത്തോട്ടാണ് .ഞാന്‍ തിരുത്താന്‍ പോയില്ല.
“നിങ്ങള്‍ എവിടുന്നാ വരണത്?”
“തൃശൂര്‍”
“ഇപ്പൊ കടത്തൊന്നും ഇല്ലല്ലേ?”
“കടത്താന്‍ ഐന് പുഴേല് വെള്ളം വേണ്ടേ?….പിന്നെ…. പാലം വന്നപ്പോ കടത്തു നിന്നു.”
“ഹാ…മണലെടുത്തു മണലെടുത്തു പുഴ കാടായി..”അടുത്തിരുന്ന മൂപിലാന്‍ നെടുവീര്‍പ്പിട്ടു.
തന്‍റെ കൂടി വീട് കെട്ടാന്‍ പുഴെന്നു മണലെടുത്തില്ലേടോ മൂപിലാനെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.ചോദിച്ചില്ല.
“ഇവിടെ മഴ പെയ്തോ?”
“പിന്നല്ല.രാവിലെ പൊരിഞ്ഞ മഴയാര്‍ന്നു.”
“ഓ..നാട്ടിലൊന്നും പെയ്തില്ല.”
യുവത്വം ബുള്ളറ്റിലും ഡ്യുക്കിലും ചീറിപാഞ്ഞു പോകുന്നത് കണ്ടു കാരണവര്‍ സത്യം വിളിച്ചു പറഞ്ഞു.”ഓനൊക്കെ പടാവാന്‍ വേണ്ടി എന്തിനാണ് ഇങ്ങനെ പായണത്?”
“എന്നാ ഇങ്ങള് വിട്ടോളിന്‍”മൂപിലാന്‍ എന്നോട് യാത്ര പറഞ്ഞിറങ്ങി.
ഞാന്‍ മായന്നൂര്‍ പാലം ലക്ഷ്യം വച്ച് നടന്നു.

IMG_8746

കാര്‍മേഘം അറബികടലീന്നു ഉരുണ്ട് ഉരുണ്ട് വരുന്നുണ്ട്.തണുത്ത കാറ്റ് എന്‍റെ പെട്ടയില്‍ തഴുകി പോയി.അന്ന് ചുവന്നു തുടുത്ത ഒരു  സന്ധ്യക്ക്‌  പാലക്കാടന്‍ കോട്ടയിലെ നടപാതയിലൂടെ  കൂടെ നടന്നവള്‍ ഇന്ന്  എന്‍റെ അരികില്‍ ഉണ്ടായിരുന്നെങ്കില്‍… (“ഉണ്ടായിരുന്നെങ്കില്‍ ഇന്ന് നീ ഈ ബ്ലോഗ്‌ എഴുതുമായിരുന്നില്ല…”)
.ഓര്‍മ്മകള്‍ അങ്ങ് ന്യൂ ജേഴ്സിയിലെ കുട്ടി നിക്കറിട്ട സുന്ദരിയില്‍ തട്ടി നിന്നു.

മായന്നൂര്‍ പാലത്തിന്‍റെ ചോട്ടിലൂടെ കണ്ണീരൊഴുക്കുന്ന നിള.അമ്മയുടെ കണ്ണീര്‍ മുത്തികുടിക്കുന്ന കൊമ്പന്‍. അവനെ ഒരുക്കുകയാണ്. മറ്റൊരമ്മയെ തൊഴാന്‍.നിളയുടെ മാറില്‍ തഴച്ചു വളരുന്ന കുറ്റിക്കാട്.മെലിഞ്ഞോഴുകുന്ന നദിയില്‍ ഒന്ന് മുങ്ങാന്‍കുഴിയിടാന്‍ കഴിയാതെ നിരാശരായി നില്‍ക്കുന്ന  കുട്ടികള്‍.സ്വയം കരയുമ്പോഴും തന്നാലാകുംവിധം മക്കള്‍ക് ആശ്വാസമേകുന്ന നിള. ഇതിനിടയില്‍ സെല്ഫി എടുക്കുന്ന ദൂര്‍ത്ത് പുത്രന്‍.

ഇവിടറ്റം വന്നിട്ട്‌ നിളയുടെ പഞ്ചാരമണലില്‍ കിടക്കാതെ പോകാന്‍ എനിക്ക് തോന്നിയില്ല.ഞാന്‍ പാലത്തിനടിയിലേക്ക് ഇറങ്ങി.. തെളിനീരില്‍ കാലുകളിട്ട് അസ്തമയ സൂര്യനെ നോക്കികിടന്നു.എന്നില്‍ നിന്ന് ഒളിക്കാന്‍ അവന്‍ മേഘചുരുളുകളെ കൂട്ട് പിടിച്ചു.അവന്‍ പോലും അറിയാതെ വാനം ചുകന്നു തുടുത്തു.ചുകന്ന സന്ധ്യ എന്‍റെ ഓര്‍മകള്‍ക്ക് വീണ്ടും ചിറകുകള്‍ നല്‍കി. ചിറകുകള്‍ക്ക് ജീവന്‍വച്ച ആഹ്ലാദ തിമര്‍പ്പില്‍ അവ പന്ത്രണ്ടാണ്ട് പുറകോട്ടു പറന്നു.
(“അയ്യോ ….ഇനിപ്പോ അതൂടെ കേള്‍ക്കണോ? നേരം ഇശ്ശിയായി”)

നേരം വൈകി.മറ്റൊരമ്മ മകനെ കാത്ത് ഇരിപ്പുണ്ട്. മടങ്ങണം .

“അമ്മേ നിളേ നിനക്ക് വിട..
പ്രൌഡമായി ഒഴുകുന്ന നിന്നെ കണ്‍കുളിര്‍ക്കെ കാണുവാന്‍
വരണം വീണ്ടുമൊരുന്നാള്‍ ഈ മായന്നൂര്‍ പാലത്തിന്മേല്‍..

ദിക്കുകളെ വിറപ്പിച്ചൊഴുകുവാന്‍ ആശയുണ്ടുണ്ണീ …
യൗവനത്തിന്‍ പ്രസരിപ്പെന്നില്‍ നിന്നും പിഴുതെടുത്തൂ  കാട്ടാളന്മാര്‍.
നിനക്കും നിന്‍റെ സഹോദരങ്ങള്‍ക്കും മരിക്കുവോളം ഇ അമ്മ കുളിരേകും..
ഒന്നോര്‍ക്കുക, നിങ്ങള്‍ സമ്മാനിച്ച അകാല വാര്‍ദ്ധക്യം അമ്മയെ തളര്‍ത്തുന്നു..”

 
 

ഒരു ചിരിയുടെ ഒടുക്കം

“ഹ… ഹ… ഹ… ഹ..”
“പാതിരാത്രി ഒരു മണിക്കാണോടാ നിന്‍റെ ചിരി?”
“എന്താടാ ഞാന്‍ ചിരിച്ചാല്?”
“ഡാ ഊളെ ഞാനീ വലിയ വീട്ടില്‍ ഒറ്റക്കല്ലേ…”
അതിനെന്താ ഞാനുണ്ടല്ലോ?
“ആരു നീയാ?…നീ അപ്പുറത്ത് സെമിത്തേരിയില്‍ പോയി കിടക്ക്.”
“പൊട്ടത്തരം പറയാതെ കുട്ടാ ഞാന്‍ നിന്‍റെ ഉള്ളിലല്ലാതെ വേറെ എവിടെ കിടക്കാന്‍ “
“എങ്കില്‍ മിണ്ടാതെ കിടക്കു”
“ഇല്ല…ഇന്നെന്തോ എനിക്ക് ചിരി നിര്‍ത്താന്‍ കഴിയുന്നില്ല”
“സുഹൃത്തേ എന്നെ ഒരു ഭ്രാന്തനാക്കരുത്..”
ഇന്ന് മരണാന്തര ജീവിതത്തെ പറ്റിയുള്ള ഡോക്യുമെന്‍റെറി കണ്ടപ്പോഴേ വിചാരിച്ചതാ പണി പാളുംന്ന്‍.

ഞാന്‍ കണ്ണ് തുറന്നു കിടന്നു.തണുത്ത വൃശ്ചിക കാറ്റ് മുറിയിലേക്ക് ഇരച്ചു  കയറി.ഇടയ്ക്കു ബാബേട്ടന്‍റെ വീട്ടിലെ പട്ടി ഓരിയിട്ടു.
നല്ല നിലാവ്, പുറത്തെ ലൈറ്റ് ഓഫാക്കാം.ഞാന്‍ ഡൈനിങ്ങ്‌ ഹാളിലേക്ക് നടന്നു .ശവപറമ്പിലെ കല്ലറകളില്‍ പൂര്‍ണച്ചന്ദ്രന്‍ ഉധിച്ചു നിന്നു.ഞാന്‍ ബെട്രൂമിലേക്ക് തിരിച്ചു നടന്നു .തിളക്കമുള്ള രണ്ടു കണ്ണുകള്‍ എന്റെ നേരെ നടന്നു വന്നു.
“പോ പൂച്ചേ “
പേടിച്ചരണ്ട പാവം ജലനലഴികളിലൂടെ  പുറത്തേക്കു ചാടി.
ഉറക്കം വരുന്നില്ല.നശൂലം മനുഷ്യന്‍റെ ഉറക്കോം പോയി.
ഞാന്‍ മുകളിലെക്കുള്ള കോണി പടി പാതി കയറി.ഗോവണിക്ക് മുകളിലെ ചില്ലുകള്‍ക്കിടയിലൂടെ  പൗര്‍ണമിയിലെ കറുപ്പിനെ പറ്റി ചിന്തിച്ചുകൊണ്ടിരുന്നു.

മുകളില്‍ നിന്ന് ഒരു നിഴല്‍ താഴേക്ക്‌ ഒഴുകി വന്നു.അത് എന്നെ ഭക്ഷിച്ചു തൃപ്തിയടങ്ങാതെ വീട് ഒന്നാകെ വിഴുങ്ങി. പുറത്തു അന്ധകാരം കത്തിജ്വലിച്ചു. അവള്‍ വീണു കിട്ടിയ അവസരം ആഘോഷിക്കുകയാണ്. വൃശ്ചികകാറ്റ് അവള്‍ക്ക് അകമ്പടിയേകി. ജനാല  അഞ്ഞടിച്ചു. ഞാന്‍ ഓടിചെന്ന് അത് കുറ്റിയിട്ടു. കര്‍ത്താവിന്‍റെ തലയ്ക്കു മുകളിലെ വെളിച്ചം ചിറകടിച്ചു മരിച്ചു വീണു.ആരോ പടിയിറങ്ങി വരുന്നത്‌ പോലെ എനിക്ക് തോന്നി.
പെട്ടന്നാണ് വരാധയില്‍ നിന്നുള്ള മണി മുഴക്കം എന്‍റെ  ഞരമ്പുകളെ ത്രസിപ്പിച്ചത്.ഞാന്‍ വിറയ്ക്കുന്ന കൈകളാല്‍ കര്‍ട്ടന്‍ മാറ്റി പുറത്തേക്കു മുഴുവന്‍ ധൈര്യവും സംഭരിച്ചു നോക്കി. നട്ടപ്പറ വെയിലത്ത്‌ രണ്ടു മനുഷ്യരൂപങ്ങള്‍. ഒരുവന്റെ കൈയില്‍ ഉളി. അതൊരു ആശാരി ആണ്…..
കുറിയ രൂപം.അവന്‍റെ കഷണ്ടിയില്‍ സൂര്യന്‍ കൂടുതല്‍ ആര്‍ജവത്തോടെ കത്തി.
” ഇവിടെ ഒരു കസേര നന്നാക്കാന്‍ വിളിച്ചു പറഞ്ഞിരുന്നോ?”
“ഇ…ഇ..ഇല്ല….”